
കൊച്ചി:- കലൂർ ജവഹർലാൽ നെഹൃ ഇന്റർനാഷണൽ സ്റ്റേഡിയം തകർക്കുകയും പൊതു ഖജനാവ് കൊള്ളയടിക്കുകയും ചെയ്ത ജിസിഡിഎ ഭരണ സമിതിയെ എത്രയും വേഗം പിരിച്ചു വിടണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മാസ്റ്റർ ആവശ്യപ്പെട്ടു.
ജിസിഡിഎ ഭരണ സമിതി പിരിച്ചു വിടുക, കായിക മന്ത്രി രാജീവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുവമോർച്ച എറണാകുളം സിറ്റി ജില്ലാ കമ്മിറ്റി ജിസിഡിഎ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
മെസ്സിയെ കൊച്ചിയിൽ കൊണ്ട് വരും എന്ന പുകമറ സൃഷ്ടിച്ചു അതിന്റെ മറവിൽ ജിസിഡിഎ ഫണ്ട് കൊള്ളയടിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ഇവിടെ നടന്നത്. കലൂർ സ്റ്റേഡിയത്തിലെ പാർക്കിംഗ് ഏരിയകളും ഗ്രൗണ്ടും കുത്തി പൊളിച്ചിട്ടിരിക്കുന്നു. കസേരകൾ പൊളിച്ച് മാറ്റിയിരിക്കുന്നു. യാതൊരു വിധത്തിലുള്ള നിർമ്മാണ കരാറുകളും ചാനൽ മുതലാളിക്കോ ഏജന്റുമാർക്കോ കൊടുത്തിട്ടില്ലായെന്ന് കായിക മന്ത്രി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്റ്റേഡിയത്തിന് സമീപത്തെ മരം മുറിച്ച് നശിപ്പിക്കുകയും ചെയ്തതിൽ പോലീസ് നടപടി സ്വീകരിക്കണം. അനധികൃതമായി പൊതുമുതൽ നശിപ്പിച്ച ചാനൽ മുതലാളിയെ അറസ്റ്റ് ചെയ്യണം. ജിസിഡിഎ ഭരണ സമിതി പിരിച്ച് വിടണം. കാട്ടുകള്ളന്മാരുടെ താവളമായി ജിസിഡിഎ മാറിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിജെപി സിറ്റി ജില്ലാപ്രസിഡന്റ് അഡ്വ. കെ എസ് ഷൈജു, യുവ മോർച്ച സംസ്ഥാന സെക്രട്ടറി അഥീന ഭാരതി, യുവമോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് റിനു ഹർഷൻ, ജന. സെക്രട്ടറി ഉണ്ണി കെ എസ്, തുടങ്ങിയവർ പ്രസംഗിച്ചു.
ജിസിഡിഎ ഓഫീസിനകത്തേക്ക് കടന്ന ബിജെപി ജില്ലാ പ്രസിഡന്റ് കെ എസ് ഷൈജു, യുവമോർച്ച സംസ്ഥാന സെക്രട്ടറി അഥീന ഉൾപ്പെടെയുള്ള നേതാക്കന്മാരെ പോലീസ് മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.അനാവശ്യമായ പോലീസ് അതിക്രമങ്ങൾക്കെതിരെ അതിശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അറിയിച്ചു.ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. രമാദേവി തോട്ടുങ്കൽ, യുവമോർച്ച ജില്ലാ ജന. സെക്രട്ടറി ഗോപു പരമശിവൻ,ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡണ്ട് കെ.ഡി. ഡമീഷ്, കർഷക മോർച്ച ജില്ലാ ജന. സെക്രട്ടറി മനോജ് എന്നിവരുടെ നേതൃത്വത്തിൽ മനോരമ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തെ ജിസിഡിഎ ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു.പ്രവർത്തകർ കായികമന്ത്രി അബ്ദുൾറഹ്മാന്റെ . കോലം കത്തിച്ചു പ്രതിഷേധിച്ചു.
Photo Courtesy - Google








